Tuesday 4 July 2023

സുഭാഷിതം രണ്ട് - ഭൂഷണം


 ഹസ്തസ്യ ഭൂഷണം ദാനം 

സത്യം കണ്ഠസ്യ ഭൂഷണം 

ശ്രോത്രസ്യ ഭൂഷണം ശാസ്ത്രം 

ഭൂഷണൈ ഃ കിം പ്രയോജനം? 


പദങ്ങളുടെ അർത്ഥം 

ഹസ്തസ്യ - കയ്യിൻ്റെ 

ഭൂഷണം - അലങ്കാരം, ആഭരണം 

ദാനം - കൊടുക്കൽ (ചതുരുപായങ്ങളിൽ ഒന്ന്)

കണ്ഠസ്യ - കഴുത്തിൻ്റെ  (തൊണ്ടയുടെ)

ശ്രോത്രസ്യ - ചെവിയുടെ 

ശാസ്ത്രം - എക്കാലവും നിലനിൽക്കുന്ന സത്യത്തെ കുറിച്ചുള്ള ജ്ഞാനം  (knowledge of  eternal reality)

ഭൂഷണൈ ഃ - ഭൂഷണങ്ങൾകൊണ്ട് 

കിം പ്രയോജനം - എന്തു പ്രയോജനം 


അന്വയം 

അർഹതപ്പെട്ടവർക്കു  ദാനം നൽകുക എന്നതാണു കയ്യിന് അലങ്കാരം. തൊണ്ടയുടെ  (ശബ്ദസ്ഥാനത്തിൻ്റെ ) അലങ്കാരം സത്യം പറയുക എന്നതാകുന്നു. ചെവിയ്ക്ക് ശാസ്ത്രമാണ് അലങ്കാരം. അങ്ങനെയുള്ളപ്പോൾ മറ്റു ഭൗതികാലങ്കാരങ്ങൾ കൊണ്ട് നമുക്കെന്താണു പ്രയോജനം? മനുഷ്യർ മറ്റെന്തിനേക്കാളും  ദാനശീലത്തിനും  സത്യസന്ധതയ്ക്കും  ശാസ്ത്രജ്ഞാനത്തിനും  വില കല്പിക്കുന്നവരായിരിക്കണമെന്നു സാരം.

Tuesday 5 April 2022

സുഭാഷിതമാല

 



മുഖവുര 

ഭാരതീയസംസ്കൃതിയുടെ  ഔന്നത്യത്തിൻ്റെ മകുടോദാഹരണങ്ങളാണ് കാലാകാലങ്ങളായി ഗുരുപരമ്പരകൾ തങ്ങളുടെ ശിഷ്യർക്കു കൈമാറിവന്നിരുന്ന  സുഭാഷിതങ്ങൾ.  പ്രാചീനകാലം മുതൽക്കേ സദ്‌സങ്കൽപ്പപൂരിതങ്ങളായ  സുഭാഷിതങ്ങളിലൂടെ  ആചാര്യന്മാർ തങ്ങളുടെ  ശിഷ്യരുടെ  സ്വഭാവരൂപീകരണവും  വിവേകമതിത്വവും  വിപദിധൈര്യവും എന്നുവേണ്ട, ഒരു വ്യക്തിയ്ക്ക്  ഏറ്റവും ഉത്തമനായ മനുഷ്യനായി ജീവിക്കാനുതകുന്ന എല്ലാ ഗുണങ്ങളും നല്കിപ്പോന്നിരുന്നു.  ഗുരുപരമ്പരകളിലൂടെ  ഭാരതീയവിദ്യാഭ്യാസം അതിൻ്റെ തനിമയും ഉദാത്തമായ ലക്ഷ്യവും  നിലനിർത്തിയിരുന്ന  അക്കാലത്ത് ഉദയം ചെയ്ത എത്രയെത്ര മഹാന്മാർ ലോകത്തിനാകെ ഇന്നും മാർഗ്ഗദർശികളായിത്തുടരുന്നു! 

എന്നാൽ അക്കാലമൊക്കെ പോയി. കാലഘട്ടം മാറിയപ്പോൾ പാശ്ചാത്യരെ അനുകരിച്ചു  നാം  നമ്മുടെ  വിദ്യാഭ്യാസരീതികൾ പരിഷ്‌ക്കരിച്ചു. ഒരു വ്യക്തിയുടെ സമഗ്രമായ വളർച്ചയ്ക്കു  വേണ്ട എല്ലാ ഘടകങ്ങളും  അടങ്ങിയിരുന്ന ഭാരതീയവിദ്യാഭ്യാസശൈലി നമ്മൾ ഉപേക്ഷിച്ചു. പകരം 'ലണ്ടൻ പാലം വീഴുന്നു... വീഴുന്നു' എന്നും  'ഹംപ്റ്റീം ഡംപ്റ്റീം മതിലീന്നു മഹത്തരമായി വീണു'    എന്നുമെല്ലാമുള്ള ആശയദാരിദ്ര്യം നിറഞ്ഞ നഴ്‌സറിക്കവിതകൾ  നമ്മൾ ഒരു ലക്ഷ്യമില്ലെങ്കിലും  ഭാഷ ആംഗലേയമാണല്ലോ എന്ന  അഭിമാനത്തോടെ നീട്ടിനീട്ടിപ്പാടി. അതിനിടയിൽ മഹത്തായ ആശയങ്ങളുടെ അക്ഷയഖനികളായ നമ്മുടെ സ്വന്തം സുഭാഷിതങ്ങളെയെല്ലാം നമ്മൾ  വിസ്മരിച്ചു.

എന്നിരുന്നാലും  ഒരിക്കലും ക്ഷയിക്കുന്നതല്ലല്ലോ   ഭാരതീയവിജ്ഞാനത്തിൻ്റെ പ്രകാശം. അനേകമനേകം തലമുറകൾക്ക് വെളിച്ചം പകർന്ന ആ  സുഭാഷിതങ്ങളെ ഒന്നൊന്നായി ഓർമ്മിച്ചെടുക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.
 

സുഭാഷിതം ഒന്ന് 
വിദ്യാധനം 





 "ന ചൗരഹാര്യം ന ച രാജഹാര്യം
ന ഭാതൃഭാജ്യം ന ച ഭാരകാരീ
വ്യയേ കൃതേ വർദ്ധത ഏവ നിത്യം
വിദ്യാധനം സർവ്വധനാത്‌ പ്രധാനം"



പദങ്ങളുടെ അർത്ഥം 
  1. ന ചൗരഹാര്യം          - കള്ളനു മോഷ്ടിക്കാവുന്നതല്ല  
  2. ന രാജഹാര്യം             - രാജാവിനാൽ പിടിച്ചെടുക്കപ്പെടുത്താവുന്നതല്ല  
  3. ന ഭാതൃഭാജ്യം             - സഹോദരന്മാരാൽ വീതം വയ്ക്കപ്പെടാവുന്നതല്ല 
  4. ന ഭാരകാരീ                 - ഭാരമുള്ളതല്ല 
  5. നിത്യം                           - എന്നും, എക്കാലത്തും
  6. വ്യയേ കൃതേ             - വ്യയം ചെയ്യുമ്പോൾ , ഉപയോഗിക്കുമ്പോൾ 
  7. വർദ്ധത ഏവ             - വർദ്ധിക്കുക മാത്രം ചെയ്യുന്നു  (വർദ്ധതേ + ഏവ )
  8. വിദ്യാധനം                  - വിദ്യയാകുന്ന സമ്പത്ത് 
  9. സർവ്വധനാത്   പ്രധാനം   - മറ്റെല്ലാ സാമ്പത്തിനേക്കാളും പ്രധാനപെട്ടത് 

അന്വയം 

കള്ളനാൽ മോഷ്ടിക്കപ്പെടാനാവാത്തതും രാജാവിനാൽ പിടിച്ചെടുക്കപ്പെടാനാവാത്തതും സഹോദരന്മാരാൽ വീതം വയ്ക്കപ്പെടാനാവാത്തതും ചുമക്കാൻ ഭാരമുള്ളതല്ലാത്തതും  നിത്യവും ഉപയോഗിച്ചാലും ക്ഷയിക്കാതെ വർദ്ധിച്ചുകൊണ്ടേയിരിക്കുന്നതുമായ വിദ്യ എന്ന സമ്പത്ത് മറ്റെല്ലാ സമ്പത്തിനേക്കാളും പ്രധാനപ്പെട്ടതാകുന്നു.

**************